'കോൺഗ്രസ് വിശ്വാസികൾക്ക് സ്ഥാനം നൽകുന്ന പാർട്ടി'; കെ മുരളീധരൻ

Update: 2022-12-29 06:13 GMT

എ കെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരൻ എം പി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സ്ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

സോളാർ കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞുവെന്നും കെ മുരളീധരൻ. വൃത്തി കെട്ട രീതിയിലാണ് പിണറായിയുടെ പൊലീസ് കേസ് അന്വേഷിച്ചത്. മ്ലേച്ചമായ രീതിയിൽ കേസെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തുമോ എന്നും മുരളീധരൻ ചോദിച്ചു. 

മൂന്ന് പ്രമുഖർ സി പി എമ്മിന്റെ നേതാക്കളാണ്. സോളാർ കേസിലെ സിബിഐ അന്വേഷണം സ്വർണക്കടത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. എന്തുകൊണ്ട് നേതാക്കന്മാർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സ്വർണക്കടത്ത് കേസിലും സി ബി ഐ അന്വേഷണം വേണം. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലും മുരളീധരൻ പ്രതികരിച്ചു. മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തിയത് പാർട്ടിക്കകത്ത് മാത്രം ചർച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

Tags:    

Similar News