നട്ടും ബോള്‍ട്ടും ഇല്ലാത്ത വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു; തൃശൂരില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് ‌കെ. മുരളീധരന്‍

Update: 2024-09-18 07:16 GMT

തൃശൂരില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് ‌കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ ആയിരുന്നു അതിന് മുന്‍പന്തിയില്‍ നിന്നതെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരിലെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് ഇപ്പോഴും കോണ്‍ഗ്രസ് വിദ്വാന്മാര്‍ അറിഞ്ഞിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം. കോഴിക്കോട്ട് ഡിസിസി ഓഫീസില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെവരെ ഗാന്ധിജിയെ കൊന്നവര്‍ ഇന്ന് വലിയവര്‍ ആയിരിക്കുന്നു. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ട്. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഇരുവരും ധാരണയായതായാണ് വിവരം. പക്ഷെ, പാലക്കാട് കോണ്‍ഗ്രസ്സ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലില്‍ കിട്ടുന്നതെല്ലാം പോരട്ടെയെന്ന് മുഖ്യമന്ത്രി കരുതി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തില്ല. വയനാടിന് സഹായം വൈകുന്നതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി പ്രധാനമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News