കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതൽ ഹർജികളിൽ വിധി 19 ന്

Update: 2022-10-14 09:55 GMT

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി 19 ന്. ഹർജികളിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയാണ് ഹർജിയിൽ വിധി പറയുന്നത്. മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. കേസിൽ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാമിന്റെ വാദം.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം. ബഷീർ മരിച്ചത്. വഫ ഫിറോസിൻറെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻറെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാൽ, ദൃക്‌സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിൻറെറയും പൊലീസിൻറെയും നീക്കം പൊളിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ച വഫ ഫിറോസിനെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വഫ പൊലീസിന് മൊഴി നൽകി. 

അപകടകരമായ നിലയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചതിന് വഫയെ പൊലീസ് രണ്ടാം പ്രതിയാക്കി. പിന്നീട് വഫ ഫിറോസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട്, ശ്രീറാമിനെതിരെ പരസ്യ പ്രസ്താവനയുമായി വഫ രംഗത്തെത്തി. കഴിഞ്ഞ മാസം 9 ന് വഫ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അപകട ദിവസം കെ.എം ബഷീറിൻറെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്.  

Tags:    

Similar News