'വിളിച്ചത് തിരുവഞ്ചൂർ, സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു; മുണ്ടക്കയം പറഞ്ഞതിൽ പകുതി കഥ ശരിയാണ്'; ജോൺ ബ്രിട്ടാസ്
സോളാർ കേസിലെ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മാധ്യപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്ന് ജോൺ ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
'സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് ബന്ധപ്പെട്ടത്. കൈരളിയുടെ ഓഫീസിൽ ഞാൻ ഇരിക്കുമ്പോൾ ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. സർക്കാർ ഏത് നിലയ്ക്കുള്ള ഒത്തുതീർപ്പിന് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.'
'ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ ജോൺ മുണ്ടക്കയത്തെ ഞാൻ വിളിക്കുകയോ തിരുവഞ്ചൂരിനെ ഞാൻ വിളിക്കുകയോ ചെയ്ത സംഭവമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ജീവിക്കുന്ന ദൃക്‌സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. ജോൺ മുണ്ടക്കയത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായിരിക്കാം. മാധ്യമപ്രവർത്തകർക്ക് ചെറിയാൻ ഫിലിപ്പിനെ നേരിട്ട് വിളിച്ച് അന്വേഷിക്കാവുന്നതാണ്. അന്നത്തെ കോൾ ലിസ്റ്റ് എടുത്താൽ കൃത്യമായ വിവരം ലഭിക്കും'- ജോൺ ബ്രിട്ടാസ് പറഞ്ഞു.
'ഈ കഥ ജോൺ മുണ്ടക്കയത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്ക് അറിയില്ല. അദ്ദേഹം പറഞ്ഞതിൽ പകുതി കഥ ശരിയാണ്. പാതി വസ്തുതയെങ്കിലും പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ അഭിനന്ദിക്കണം' ബ്രിട്ടാസ് വ്യക്തമാക്കി. അതേസമയം, സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതൃത്വത്തിന്റെ നിർദേശാനുസരണം ജോൺ ബ്രിട്ടാസ് സമരം അവസാനിപ്പിക്കാൻ തന്നെ വിളിച്ചെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.