ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കും: വി. അബ്ദുറഹിമാന്‍

Update: 2023-12-28 03:17 GMT

ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍.  സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

'മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിവിധ വകുപ്പുകള്‍ പഠിക്കുകയും ഇവ നല്ല രീതിയില്‍ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലുമാണ് സര്‍ക്കാരുള്ളത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.' പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതുപോലെ തന്നെ ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

അടുത്ത ആഴ്ചയോടെ മുഴുവന്‍ വകുപ്പുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനുള്ള യോഗം വിളിച്ചു ചേര്‍ക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നായി കണ്ടുകൊണ്ട് ഇവ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏറ്റവും കൂടുതല്‍ നടപടികളെടുത്ത സര്‍ക്കാരാണ് കേരളത്തിലേത്. ജെ.ബി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ ന്യൂനപക്ഷത്തോടുള്ള സര്‍ക്കാരിന്റെ ഏറ്റവും വലിയ കരുതലിന്റെ ഉദാഹരണമായി ഇതുമാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News