സംസ്ഥാനത്ത് രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും: മുഖ്യമന്ത്രി

Update: 2023-06-19 06:54 GMT

കേരളത്തിൽ പുതുതായി രണ്ട് ഐടി പാർക്കുകൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം സ്റ്റാർട്ടപ്പുകളിൽമാത്രം 20000 തൊഴിലവസരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐടി പാർക്കുകൾക്ക് പുറമെ, ഐടി ഇടനാഴികൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. തിരുവനന്തപുരം--കൊല്ലം, എറണാകുളം --ആലപ്പുഴ, എറണാകുളം -- കൊരട്ടി, കോഴിക്കോട് --കണ്ണൂർ എന്നീ ഐടി ഇടനാഴികളാണ് തുടങ്ങുന്നത്.

ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടക്കുകയാണ്. സ്റ്റാർട്ടപ്പുകൾ വന്നതോടെ യുവാക്കൾ തൊഴിലന്വേഷകരെന്നതിൽനിന്ന് തൊഴിൽ ദാതാക്കളിലേക്ക് മാറി. വിപ്ലവകരമായ മാറ്റമാണിത്. സ്റ്റാർട്ടപ്പുകളെ പുതിയ മാനത്തിലേക്ക് ഉയർത്തിയതോടെ ഇന്ത്യയിലും ഏഷ്യയിലും ഒന്നാം സ്ഥാനത്തേക്ക് കേരളം ഉയർന്നു. അവിടെനിന്ന് ഇനിയും മുന്നോട്ട് കുതിക്കാനാണ് സ്റ്റാർട്ടപ്മിഷൻ പരിശ്രമിക്കുന്നത്.

ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുടങ്ങുന്നത്. പ്രവാസികളുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആൻഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികൾക്കും കമ്പനി അവിടെത്തന്നെ പ്രവർത്തിപ്പിക്കാനാകും. കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കാനും പ്രവർത്തനം വിപുലീകരിക്കാനും ഇൻഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി പി ജോയ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി , കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ, ഐടി സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, കോൺസൽ ജനറൽ ഡോ. അമൻപുരി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ആസാദ് മൂപ്പൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Similar News