ബിജുവിനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം; ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ എംബസി

Update: 2023-02-25 01:23 GMT

ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി നിര്‍ദേശം നല്‍കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടിവരും. ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. വീസ കാലാവധി മേയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് വന്നാൽ ഇസ്രായേൽ നിയമനടപടികൾ നേരിടേണ്ടി വരില്ല. വീസ് കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി പറയുന്നു.

ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലി‍ലെത്തിയ കണ്ണൂർ ഇരിട്ടി പേരട്ട കെപി മുക്കി‍ലെ കോച്ചേരിൽ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഉടൻതന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേൽ അധികൃതർ തിരച്ചിൽ തുടരുകയുമായിരുന്നു. ഇതിനിടെ താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ മെസേജ് അയച്ചു. ബിജുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Similar News