സ്ത്രീകൾ യഥാർത്ഥ രാഷ്ട്ര നിർമാതാക്കൾ; വീട്ടമ്മയായതിനാൽ നഷ്ടപരിഹാരത്തുക കുറയ്ക്കാനാകില്ല; ഹൈക്കോടതി

Update: 2023-02-19 04:53 GMT

വീട്ടമ്മയായതിനാൽ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വരുമാനമില്ലാത്ത വീട്ടമ്മയെയും ജോലിയുള്ള സ്ത്രീക്ക് സമമായി കാണണം. അമ്മയുടെയും ഭാര്യയുടെയും റോൾ താരതമ്യങ്ങൾക്കപ്പുറമാണ്. കുറഞ്ഞ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിൽ അപാകതയില്ലെന്ന വാദം നിഷ്ഠൂരമാണെന്ന് കോടതി പറഞ്ഞു.

സ്ത്രീകൾ യഥാർത്ഥ രാഷ്ട്ര നിർമാതാക്കൾ ആണ്. അടുത്ത തലമുറയെ ഏറ്റവും മികച്ച രീതിയിൽ വളർത്തിയെടുക്കാനാണ് അവരുടെ മുഴുവൻ സമയവും ചെലവഴിക്കുന്നത്. മനുഷ്യജീവിതത്തിന്റെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തിലല്ല കണക്കാക്കേണ്ടതെന്നും അവരുടെ നിസ്വാർത്ഥയുടെയും സംഭാവനകളുടെയും അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

2006ൽ കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ പരുക്കേറ്റ പാലക്കാട് എലവുപാടം കണിയമംഗലം അങ്ങോട്ടിൽവീട്ടിൽ കാളുക്കുട്ടിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അനുവദിച്ച നഷ്ടപരിഹാരത്തുക ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ബസ് ബ്രേക്കിട്ടപ്പോൾ സീറ്റിൽനിന്ന് തെറിച്ചുവീണ് കാളുക്കുട്ടി കിടപ്പിലാവുകയും ചികിത്സതേടുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 40,214 രൂപ മാത്രമാണ് അനുവദിച്ചത്. തുടർന്ന് ഭാവിജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് വരുമാനമില്ലെന്നും നഷ്ടപരിഹാരം കൂടുതൽ നൽകാനാകില്ലെന്നുമാണ് കെഎസ്ആർടിസി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം തള്ളി ഹൈക്കോടതി അപ്പീൽ ഹർജി അനുവദിക്കുകയായിരുന്നു.

Tags:    

Similar News