ഹൈറിച്ച് തട്ടിപ്പ് കേസ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമായി 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തല്‍. ഇതില്‍നിന്ന് 250 കോടി പ്രമോട്ടര്‍മാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെന്നാണ് ആരോപണം. നേരത്തേ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിര്‍ത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചതിലുള്‍പ്പെടുന്നു. ഇതിനുപുറമേ 70 ലക്ഷം രൂപയുടെ കറന്‍സികളും സ്വര്‍ണാഭരണങ്ങളും നാല് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രമോട്ടര്‍മാരുടെയും നേതൃനിരയിലുണ്ടായിരുന്നവരുടെയും 15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും പിടിച്ചെടുത്തതിലുള്‍പ്പെടുന്നുണ്ട്.