'ബാങ്കുകൾ മൗലികമായ കടമ മറക്കരുത്'; ദുരന്ത ബാധിതരോട് അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി

Update: 2024-08-23 09:03 GMT

വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകൾ അനുകമ്പ കാട്ടണമെന്ന് കേരള ഹൈക്കോടതി. സർക്കാർ സഹായത്തിൽ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്‌സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിർദേശം.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് ബാങ്ക് വായ്പ തിരിച്ചു പിടിച്ചത്.

Tags:    

Similar News