ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസിന്‍റെ പ്രതിഷേധ കൂട്ടായ്മ. ആരോപണങ്ങളിൽ മന്ത്രി ഗണേഷ് കുമാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂട്ടായ്മ. കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊടിയുടെ നിറം നോക്കിയാണ് ലൈംഗിക പീഡന ആരോപണങ്ങളിൽ അന്വേഷണമെന്ന് സുധാകരൻ കുറ്റപ്പെടുത്തി. മുകേഷ് രാജിവെക്കണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചില്ല. എന്നാൽ മറ്റ് നേതാക്കൾ മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബലാത്സംഗക്കേസില്‍ പ്രതിയായ എംഎല്‍എ മുകേഷ് രാജി വെക്കണമെന്നും പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ , മുന്‍ മന്ത്രി പി കെ ജയലക്ഷ്മി എന്നിവരും പ്രതിഷേധ മാർച്ചില്‍ പങ്കെടുത്തു .വേട്ടക്കാരെ സംരക്ഷിക്കുന്ന സാംസ്കാരിക വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ധര്‍ണ്ണ നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുൻപിൽ ഡിസിസി പ്രസിഡന്‍റ് സിപി മാത്യൂവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ധർണയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.