കനത്ത മഴ തുടരും: 2 ജില്ലകളിൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Update: 2024-07-16 12:30 GMT

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ കോളേജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. 

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ  ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ  ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കനത്ത മഴ കോട്ടയം അടക്കം ജില്ലകളിലും തുടരുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കോട്ടയം ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. മഴയും, കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് ഈ മാസം 18 വരെ നിരോധിച്ചത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ  കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ  രാത്രികാല യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News