ആലപ്പുഴയിൽ ​ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്ന് ആരോ​ഗ്യമന്ത്രി

Update: 2024-12-01 12:09 GMT

ആലപ്പുഴയിൽ ​ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള നിർദേശം നൽകിയിരുന്നുവെന്ന് വ്യക്തമാക്കി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അഡീഷണൽ ഡയറക്ടർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ആരോ​ഗ്യവകുപ്പിലെ വിദ​ഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടൻ തന്നെ റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

റിപ്പോർട്ട് ലഭിച്ചാലുടൻ ആരുടെയോക്കെ ഭാ​ഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ അവർക്കെല്ലാമെതിരെ നടപടിയെടുക്കും. അന്വേഷണത്തിന്റെ ഭാ​ഗമായി രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം ​സ്കാനിങ് സംബന്ധമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നതാണ്, അതിനുവിരുദ്ധമായി അവ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഒരു സ്കാനിങ് സെന്ററിലുണ്ടായിരുന്നവരുടെ യോ​ഗ്യത സംബന്ധിച്ചും പിഴവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്കാനിങ് മെഷീനുകൾ ഉൾപ്പെടെ പൂട്ടി സെന്റർ സീൽ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞിന്റെ തുടർചികിത്സയ്ക്കുള്ള കാര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് വിദ​ഗ്ധ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി. വിദ​ഗ്ധസംഘം നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുകയും എങ്ങനെ, എന്തൊക്കെ എന്നതെല്ലാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമാക്കുമെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News