മലയാളത്തിന്റെ സ്വന്തം കഥാകാരൻ എംടി വാസുദേവൻ നായർക്ക് വിട. സ്മൃതിപഥം ശ്‌മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷമായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകൻ ടി സതീശനാണ് ചടങ്ങുകൾ നിർവ്വഹിച്ചത്. ചടങ്ങിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, കടന്നപ്പളളി രാമചന്ദ്രൻ, കോഴിക്കോട് എം പി എം കെ രാഘവൻ, വടകര എം പി ഷാഫി പറമ്പിൽ, സംവിധായകൻ ലോൽ ജോസ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ് എന്നിവരും എത്തിച്ചേർന്നു. സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം നടക്കും.
നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയായ സിതാരയിൽ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എംടിയെ അനുസ്മരിച്ചു. മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടി, ഭാഷയ്ക്കും സമൂഹത്തിനും എംടി നൽകിയ സംഭാവന തലമുറകളോളം നിലനിൽക്കുമെന്നുമാണ് സ്റ്റാലിൻ അനുസ്മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു.
മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എംടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്‌ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കൾ, രക്തം പുരണ്ട മൺതരികൾ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്‌തു.