ആറ്റുകാൽ പൊങ്കാല; ആംബുലൻസ് അടക്കമുള്ള 10 മെഡിക്കൽ ടീമുകളെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

Update: 2023-03-04 11:12 GMT

ആറ്റുകാല്‍ പൊങ്കാല ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആംബുലന്‍സ് അടക്കമുള്ള 10 മെഡിക്കല്‍ ടീമുകളെയാണ് ഇതിനായി നിയോഗിയോച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ ഇവരുടെ സേവനമുണ്ടാകും. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകള്‍ ഭാഗമാവുന്ന പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് വലിയ ക്രമീകരണങ്ങളാണ് നടത്തിയതെന്നും, എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേനയാണ് ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ ടീമിന്റെയും ആയുഷ് വിഭാഗങ്ങളുടെയും സേവനം ലഭ്യമാക്കും. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് പീഡിയാട്രീഷ്യന്‍മാരുടേയും,രണ്ട് സ്റ്റാഫ് നഴ്‌സുമാരുടേയും മുഴുവന്‍ സമയ സേവനവും ഉറപ്പാക്കും.  

പൊങ്കാല ദിവസം പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങൾക്ക് മേല്‍നോട്ടം നൽകുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള 8 പേരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് നഗര പരിധിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഫയര്‍ ഫോഴ്‌സ്, കനിവ് 108,ഐഎംഎ, കോര്‍പറേഷന്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിൽ നിന്നുള്ള 35 ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്. 

Tags:    

Similar News