മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ അപ്പീലുമായി ഇ.ഡി; ഇന്ന് പരിഗണിക്കും

Update: 2024-04-12 00:57 GMT

കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ ധനമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഇ.ഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോമസ് ഐസക് സ്ഥാനാർഥിയാണെന്നും ഒരു മാസം തികച്ചില്ലാത്ത തിരഞ്ഞെടുപ്പിന്റെ ഈ വേളയിൽ സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇ.ഡി കൈമാറിയ ഫയലുകൾ പരിശോധിച്ചതിൽനിന്ന് ചില കാര്യങ്ങളെ കുറിച്ചു സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മസാല ബോണ്ടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതിനെതിരെ മുൻമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിലായിരുന്നു കോടതി നിർദ്ദേശം. ഇ.ഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും ഈ ഘട്ടത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദീകരണം തേടുന്നതു നേരിട്ടു വിളിപ്പിച്ചു വേണോ രേഖാമൂലം മതിയോ എന്നൊക്കെ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും വ്യക്തമാക്കി.

ഹർജികൾ മേയ് 22നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇ.ഡി അപ്പീൽ നൽകിയത്.

Tags:    

Similar News