അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; ബുധനാഴ്ച വരെ നടപടി പാടില്ല

Update: 2023-03-24 01:34 GMT

ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ നാശനഷ്ടമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ ഹൈക്കോടതി വിലക്കി. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാട് ആനക്കൊട്ടിലിലേക്കു മാറ്റാനുള്ള തീരുമാനത്തിനെതിരെ പീപ്പിൾ ഫോർ അനിമൽസ് (പിഎഫ്എ) തിരുവനന്തപുരം ചാപ്റ്റർ, വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്നിവർ നൽകിയ ഹർജിയിൽ രാത്രി സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കോട്ടയത്ത് വനം വകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ തുടർനടപടികൾ ആലോചിക്കുമെന്നും ചിന്നക്കനാലിലെ ജനങ്ങൾക്ക് ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ കോവളത്ത് ഒരു നായയോട് ക്രൂരത കാട്ടിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് മൃഗങ്ങളോടുള്ള ക്രൂരത കൂടി ഈ വിഷയത്തിൽ ഉൾപ്പെട്ടു. നാട്ടാനകളോടുള്ള ക്രൂരത കൂടി ഈ കേസിൽ ഉൾപ്പെടുത്തുകയും ഇതിൽ അമിക്കസ് ക്യൂറിമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവരാണ് അരിക്കൊമ്പനുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. ഈ മാസം 29ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ നടപടി പാടില്ലെന്നാണ് നിർദ്ദേശം.

ആനയെ പിടികൂടുക എന്നത് അവസാന മാർഗമാണ്. അതിനു മുൻപു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നോ എന്ന് വനംവകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. കോളർ ഘടിപ്പിച്ച് ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തിയോ എന്നും കോടതി ആരാഞ്ഞു. ഇത്തരം കാര്യങ്ങളേക്കാൾ, പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് അരിക്കൊമ്പന്റെ നീക്കമെന്നായിരുന്നു വനം വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ആനയെ പിടികൂടാനുള്ള നടപടിയിലേക്കു കടന്നതെന്നും വനംവകുപ്പ് വിശദീകരിച്ചു.

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി കൂടി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടുപോകരുത് എന്നാണ് ഈ ഹർജിയിലെ ആവശ്യം. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ആനയെ ജനവാസമില്ലാത്ത വനമേഖലയിൽ തുറന്നുവിടണമെന്നും ഹർജിയിലുണ്ട്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനവും അരിക്കൊമ്പന്റെ കാര്യത്തിൽ നിർണായകമാകും.

Tags:    

Similar News