എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു.
രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ലക്ഷണങ്ങൾ
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.
ചികിത്സാരീതികൾ
രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.
പ്രതിരോധ നടപടികൾ
1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.
2. ജലദോഷപ്പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.
3. പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക.
4. ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
5. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എൻ1 പനിയും തടയാൻ സഹായിക്കും.