'ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ’; പിണറായിയെ തള്ളി ഗോവിന്ദൻ
എസ്എഫ്ഐയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും ആക്രമണങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്നുമാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ കുട്ടികളെ തിരുത്തുമെന്നും അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘എസ്എഫ്ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്. വസ്തുതാപരമായ കാര്യങ്ങൾ പരിശോധിക്കും. കുട്ടികളെ തിരുത്തേണ്ടിടത്ത് തിരുത്തും. കുട്ടികളെ തിരുത്തണമെന്നു തന്നെയാണ് അഭിപ്രായം. അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് അറിയാം’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐയെ ന്യായീകരിക്കുന്നില്ലെങ്കിലും സംഘടനയ്ക്കെതിരെ വാർത്താ തരംഗമുണ്ടെന്നാണ് ഗോവിന്ദന്റെ അഭിപ്രായം. ഓരോ പ്രദേശത്തും എസ്എഫ്ഐയുമായി ബന്ധപ്പെട്ട് ഓരോ പ്രശ്നങ്ങളുണ്ടാകും. എന്നാൽ അതിനെയൊക്കെ പെരുപ്പിച്ച് കാണിക്കുകയാണ്. വലിയ വാർത്തകളാക്കാൻ നോക്കുകയാണ്. പോഷക സംഘടനയെന്ന നിലയിൽ തിരുത്താൻ നോക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടുന്ന പിണറായി വിജയനെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സംസ്ഥാന സെക്രട്ടറിയും തള്ളുന്നുവെന്നതിന്റെ ഉദാഹരണമാണ് ഗോവിന്ദൻ നടത്തിയ പ്രതികരണം. ഇന്നലെ നടന്ന സിപിഎമ്മിന്റെ കൊല്ലം മേഖല യോഗത്തിലും ഗോവിന്ദൻ എസ്എഫ്ഐയെ തിരുത്തണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
പിണറായി നിയമസഭയിൽ അടിമുടി എസ്എഫ്ഐയെ ന്യായീകരിച്ചപ്പോൾ അത് ഉൾക്കൊള്ളാൻ തയാറാവാത്ത ഗോവിന്ദന്റെ പ്രസ്താവന, ഇനി സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്തുണയ്ക്കുന്ന നയസമീപനമായിരിക്കില്ല പാർട്ടിയുടേത് എന്നുകൂടി വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യാത്തതു തിരിച്ചടിയായെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.