തദ്ദേശ വാർഡ് പുനർവിഭജനം; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി

Update: 2024-05-22 05:12 GMT

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകൾ മടക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്നും ഗവർണർ വ്യക്തമാക്കി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്.

1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓർഡിനൻസുകൾ. ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും. 2021ൽ സെൻസസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ തലത്തിൽ ധാരണ. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറിൽ പുതിയ തദ്ദേശ ജനപ്രതിനിധികൾ അധികാരമേൽക്കുന്നത് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാകും.

Tags:    

Similar News