ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടില്ല; അദാലത്തിലൂടെ 251 പേർക്ക് വയനാട്ടിൽ ഭൂമി തരംമാറ്റി നൽകി സർക്കാർ

Update: 2024-01-16 08:43 GMT

ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സർക്കാർ അവതരിപ്പിച്ച ബിൽ ഒപ്പിടാത്ത ഗവർണർക്ക് ചെക്ക് വെച്ച് സർക്കാർ. വയനാട്ടിൽ മാത്രം 25 സെന്‍റിൽ താഴെ ഭൂമിയുള്ള 251 പേർക്ക് അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകി റവന്യൂവകുപ്പ്. ബില്ലിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് സർക്കാരിന്‍റെ നീക്കം. അദാലത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പനമരത്ത് മന്ത്രി കെ.രാജൻ നിർവഹിച്ചു.

25 സെന്‍റിൽ താഴെ ഭൂമിയുള്ള 251 പേർക്കാണ് വയനാട്ടിൽ മാത്രം തരംമാറ്റി നൽകിയത്. ഭൂമി തരംമാറ്റലിനായി റവന്യൂ വകുപ്പിന് മുന്നിലെത്തിയത് ആകെ 3,74,218 അപേക്ഷകളാണ്. ഇതിൽ 1,16, 432 അപേക്ഷകൾ പരിഹരിച്ചതായി മന്ത്രി അറിയിച്ചു. ഓൺലൈനായാണ് അപേക്ഷകളെത്തിയത്. എല്ലാ അപേക്ഷകളിലും അതിവേഗം തീരുമാനമുണ്ടാകുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സർക്കാർ ബിൽ അവതരിപ്പിച്ചത്. എന്നാൽ ഐക്യകണ്ഠേനെ പാസാക്കിയ ബിൽ ഗവർണർ ഒപ്പിട്ടില്ല. തരംമാറ്റൽ വൈകുമെന്നായതോടെയാണ് പരിഹാരം തേടി റവന്യൂവകുപ്പ് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം 25 സെന്‍റിൽ താഴെ ഭൂമിയുള്ളവർക്കാണ് ഇളവ് ലഭിക്കുക. അദാലത്തുകൾ മുഖേനെ വയനാട്ടിലെ അപക്ഷേകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താനായെന്ന് റവന്യൂ മന്ത്രി അറിയിച്ചു. ഫോം ആറ് പ്രകാരമുള്ള അപേക്ഷകളിലാണ് തീർപ്പാക്കൽ നടക്കുന്നത്. നടപടികളിലെ കാലതാമസം ഒഴിവാക്കാൻ 68 ജൂനിയർ സൂപ്രണ്ടുമാരേയും 181 ക്ലാർക്കുമാരേയും നിയമിച്ചിട്ടുണ്ടെന്നും പുതിയ അപേക്ഷകളിലും അതിവേഗ തീരുമാനം ഉണ്ടാകുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. ഏറ്റവും കൂടുതൽ അപേക്ഷകളെത്തിയ ഫോർട്ട് കൊച്ചി ആർഡിഒ ഓഫീസിൽ ഫെബ്രുവരി 17ന് അദാലത്ത് അവസാനിക്കും.

Tags:    

Similar News