മുഖ്യമന്ത്രി രാജ് ഭവനിലേക്ക് വരുന്നില്ല; ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Update: 2023-10-02 10:25 GMT

മുഖ്യമന്ത്രി ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും രാജ് ഭവനിലേക്ക് വരുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കണ്ട് ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്യുന്നില്ലെന്നും ഗവർണ്ണർ പറഞ്ഞു. ഗവർണറെ കാര്യങ്ങൾ നേരിട്ട് അറിയിക്കേണ്ടത് ഭരണഘടന ഉത്തരവാദിത്വമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിചേർത്തു. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകൾ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ട് കാര്യം ഇല്ലെന്നും ഗവർണ്ണർ പറഞ്ഞു.

സർവകലാശാലകളിലെ വിസി അധികാരം കൈപ്പിടിയിൽ ഒതുക്കാൻ ആണ് സർക്കാർ ശ്രമമെന്നും പാർട്ടി പറയും പോലെയാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും ഗവർണ്ണർ വിമർശിച്ചു. നിഷ്പക്ഷത പാലിക്കാത്ത സർക്കാർ ചെയുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും കരിവണ്ണൂർ ബാങ്ക് ക്രമക്കേടിൽ പരാതി ലഭിച്ചാൽ വിശദീകരണം തേടുമെന്നും ഗവർണർ അറിയിച്ചു. നേരത്തെ സംസ്ഥാന സർക്കാർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നു എന്ന പരാതിയുമായി ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമെടുത്തിരുന്നു. മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനമാണ് അതിനായി സർക്കാർ തേടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായെന്നും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണം നിയമസഭകളുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ബില്ലുകളിൽ വിശദീകരണം ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം നൽകിയതാണെന്നും എന്നിട്ടും തീരുമാനമായില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

Tags:    

Similar News