കോഴിക്കോട്ട് നഗരത്തിൽ ഇറങ്ങി ഗവർണർ; കുട്ടികളെ ചേർത്തുപിടിച്ച് മുന്നോട്ട്, നാടകീയ രംഗങ്ങൾ

Update: 2023-12-18 07:52 GMT

പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. റോഡിലിറങ്ങി ഗവർണർ ജനങ്ങളുമായി സംവദിച്ചു, സെൽഫിയെടുത്തു. കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചു.

പിന്നാലെ കോഴിക്കോട് മിഠായിത്തെരുവിൽ എത്തിയ ഗവർണർ ജനങ്ങൾ തനിക്ക് സുരക്ഷ ഒരുക്കുമെന്നും പറഞ്ഞു. ഗവർണർ നിഷേധിച്ചെങ്കിലും വൻ സുരക്ഷയാണ്  പൊലീസ് ഒരുക്കിയിരിക്കുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹമാണ് ഗവർണർക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്. 

മിഠായിത്തെരുവിലെ ഹൽവ കടയിൽ കയറിയ ഗവർണർ, ഹൽവ രുചിച്ചുനോക്കി. കുട്ടികളെ ചേർത്തുപിടിച്ചും നാട്ടുകാർക്കു കൈകൊടുത്തും സംസാരിച്ചും മുന്നോട്ടുനീങ്ങിയ ഗവർണർ, രണ്ടു കുട്ടികളെ വാരിയെടുത്തത് കൗതുകമായി. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ മുഖ്യമന്ത്രിക്കും എസ്എഫ്‌ഐക്കുമെതിരെ വിമർശനം ആവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയായിരുന്നു. 

Tags:    

Similar News