'പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കും': സുരേഷ് ഗോപി

Update: 2024-07-06 01:05 GMT

'പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കുമെന്ന്' കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാർഥികൾ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പാലക്കാട്ട് ബിജെപി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തൃശൂർ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂർ എനിക്ക് തരണം എന്നാണ് ഞാൻ പറഞ്ഞത്. അതിനുശേഷമാണ് തൃശൂർ ഞാൻ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങൾ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും. യോഗ്യരായ സ്ഥാനാർഥികൾ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് വിജയം ആഘോഷിക്കാൻ ഞാൻ ഒപ്പമുണ്ടാകും' സുരേഷ് ഗോപി പറഞ്ഞു.

'അടുത്ത നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഉപതിരഞ്ഞെടുപ്പുകൾ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ഇപ്പോഴേ തുടങ്ങണം. തൃശൂരിലെ വിജയം ഒരു തുടക്കം പോലുമല്ല. വലിയ തുടക്കത്തിനുള്ള ചിന്തയുടെ തിരിനാളം തെളിയിച്ചിരിക്കുകയാണ് തൃശൂരിൽ. പ്രവർത്തകരോടൊപ്പം ഒന്നരവർഷത്തോളം താൻ തൃശൂരിൽ സഞ്ചരിച്ചു. മുൻകാലങ്ങളിൽനിന്ന് മാറിയ പ്രവർത്തനശൈലി ആവിഷ്‌ക്കരിച്ചു. ആ ആവിഷ്‌ക്കാര രീതിയിൽ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻ കഴിഞ്ഞു. പാർട്ടിയുമായി ബന്ധമില്ലാത്ത ആയിരക്കണക്കിന് പേരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും തൃശൂരിലേക്ക് പ്രചാരണത്തിനായി വന്നത്. തൃശൂരിൽ ഒരു തിരിനാളം തെളിയിക്കാൻ നമുക്ക് സാധിച്ചു. ഒരുപാടെണ്ണം തെളിയിക്കാൻ കഴിയും. അതിന് ശക്തമായ പ്രവർത്തനം വേണം. കേരള നിയമസഭയിലേക്ക് പോകുന്ന തിരിനാളങ്ങൾ പാലക്കാടുനിന്നും ചേലക്കരയിൽനിന്നും ഉറപ്പു വരുത്തണം. 27 പേർ നിയമസഭയിൽ ബിജെപിക്കായി വരണം. ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയണം' സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News