ഒറിജിനൽ ആംബുലൻസും ഒറിജിനൽ അല്ലാത്ത ആംബുലൻസുമുണ്ട്: ചില മാന്യന്മാര്‍ ആംബുലൻസ് വാങ്ങിച്ച് ഇട്ടിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍

Update: 2024-02-23 12:11 GMT

ആരോഗ്യ വകുപ്പിന്‍റെ ആപ്പുമായി സഹകരിച്ച് ആംബുലൻസുകളെ ജിപിഎസുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആംബുലൻസുകള്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു

ആംബുലൻസ് ഉപയോഗിച്ച് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ പലര്‍ക്കും അത്ഭുതം ആയിരുന്നു. ആംബുലൻസിനെയും ഇയാള്‍ കുറ്റം പറഞ്ഞോ എന്നാണ് ചോദിച്ചത്. 

ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവും കുഴൽപ്പണവുമെല്ലാം കടത്തുന്നത് സ്ഥിരം പരിപാടിയായിട്ടുണ്ട്. ഒറിജിനൽ ആംബുലൻസും ഒറിജിനൽ അല്ലാത്ത ആംബുലൻസുമുണ്ട്. എയര്‍പോര്‍ട്ടില്‍ പോകാൻ ആംബുലൻസ് ഉപയോഗിക്കുക, എയര്‍പോര്‍ട്ടില്‍ വന്നാൽ വീട്ടില്‍ പോകാൻ ആംബുലൻസ് ഉപയോഗിക്കുക എന്നിങ്ങനെയുള്ള പരിപാടികളുണ്ട്. ചില മാന്യന്മാര്‍ ആംബുലൻസ് വാങ്ങിച്ച് ഇട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

ഇതോടെയാണ് ട്രാക്ക് ചെയ്യാൻ സംവിധാനം കൊണ്ട് വരാൻ തീരുമാനിച്ചത്. എല്ലാ ആംബുലൻസും എവിടെ പോകുന്നു, എവിടെ കിടക്കുന്നു എന്ന് അറിയാൻ സാധിക്കും. രോഗിയെയും കൊണ്ട് പോകുമ്പോള്‍ പരിശോധിക്കണമെന്നല്ല പറയുന്നത്, എവിടെ പോയാണോ ആംബുലൻസ് നില്‍ക്കുന്നത് അവിടെ വച്ച് പരിശോധിക്കും. അതുപോലെ മൃതദേഹവുമായി പോകുമ്പോഴോ കാലിയടിച്ച് പോകുമ്പോഴോ സൈറണ്‍ മുഴക്കി പോകാൻ അനുവദിക്കില്ല.

ആംബുലൻസ് ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഒരു ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ നടത്തിയ ഡ്രൈവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ഒറിജിനൽ അല്ലാതെ, ആംബലൻസിന്‍റെ സ്റ്റിക്കര്‍ ഒട്ടിച്ച് പോകുന്ന വാഹനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ള പെയിന്‍റ് അടിച്ച വാഹനം വാങ്ങി സ്റ്റിക്കറെല്ലാം ഒട്ടിച്ച് ഏതെങ്കിലും സംഘടനയുടെയുടെ ഒക്കെ പേരൊക്കെ എഴുതി ഓടുന്നത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News