കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി; സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി

Update: 2023-07-25 03:08 GMT

2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. കേരളത്തിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല. ഏതെങ്കിലും ഇളവുകൾ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സഹായവും അധികവായ്പയും ആവശ്യപ്പെട്ട് ജൂലായ് 12-ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെക്കണ്ട് കത്തുനൽകിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. 15-ാം ധനകാര്യ കമ്മിഷൻ കേരളത്തിന്റെ വരുമാനവും ചെലവും വിലയിരുത്തി ധനക്കമ്മിയായ 37,814 കോടി രൂപയ്ക്ക് ശുപാർശ നൽകി. ശുപാർശ കേന്ദ്രം അംഗീകരിച്ച്‌, ഗ്രാന്റായി 2021-2022 മുതൽ 2025-2026 വരെയുള്ള കാലയളവിലേക്ക് 37,814 കോടി അനുവദിച്ചു. ഇതിൽനിന്ന്‌ 34,648 കോടി ഇതിനകം കേരളത്തിന് നൽകിയെന്നും പങ്കജ് ചൗധരി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്, സമാനമായ മറ്റു സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പയും ബജറ്റിൽനിന്നോ നികുതിയിൽനിന്നോ സെസിൽനിന്നോ മറ്റു വരുമാന മാർഗങ്ങളിൽനിന്നോ സംസ്ഥാനസർക്കാർ വകയിരുത്തുന്ന വായ്പകളും വായ്പപ്പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തും. 2023 മേയ് 10-ലെ കേരളസർക്കാരിന്റെ കത്ത് മുഖേന 2023-2024ലെ കിഫ്ബിയുടെ കടമെടുക്കാനായി തിട്ടപ്പെടുത്തിയ തുക 2500 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും പലിശയും സംസ്ഥാന ബജറ്റിലോ നികുതിയിലോ സെസിലോ ഇതര വരുമാനത്തിലോ വകയിരുത്തുന്നതാണെന്നും പങ്കജ് ചൗധരി പറഞ്ഞു. നിർമലാ സീതാരാമന് നൽകിയ കത്തിന്റെ ഉള്ളടക്കവും കൂടിക്കാഴ്ചയുടെ വിവരങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാഹചര്യങ്ങൾ അതിൽ വിശദമായി വ്യക്തമാക്കിയിരുന്നു. പാർലമെന്റിലെ മറുപടി ഏതു സാഹചര്യത്തിലാണെന്നറിയില്ല. മുൻവർഷത്തെക്കാൾ സാമ്പത്തികഞെരുക്കമാണ് കേരളം ഈവർഷം പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. വായ്പപ്പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും റവന്യൂക്കമ്മി നികത്താനുള്ള സഹായധനത്തിലെ കുറവും കാരണം 28,000 കോടി രൂപയോളം മുൻവർഷത്തെക്കാൾ കുറയുമെന്നും അറിയിച്ചു.

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു കേരളത്തിന് കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം. 15-ാം ധനക്കമ്മിഷന്റെ കാലത്ത് 1.92 ശതമാനമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് നിലവിലുള്ള മൂന്നുശതമാനത്തിനുപുറമേ, ആഭ്യന്തര ഉത്പാദനത്തിന്റെ ഒരുശതമാനംവരുന്ന തുകകൂടി വായ്പയെടുക്കാൻ താത്കാലികാനുമതി നൽകണമെന്നാണ് കത്തിലെ ഒരാവശ്യം. ധനക്കമ്മി നികത്താനുള്ള സഹായം കുറഞ്ഞുവരുന്നതും ധനക്കമ്മിഷൻ അനുവദിച്ച നികുതി വിഹിതത്തിലെ കുറവും കണക്കിലെടുത്ത് പ്രത്യേകസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇവയ്ക്കുപുറമേ, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള വിവിധയിനം സഹായധനങ്ങളിലെ കുടിശ്ശികയായ ഏകദേശം 1300 കോടി എത്രയുംവേഗം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് -ബാലഗോപാൽ പറഞ്ഞു.

Tags:    

Similar News