ധനപ്രതിസന്ധി: അടിയന്തരപ്രമേയത്തിന് അനുമതി; പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി

Update: 2024-01-30 05:35 GMT

സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കും. രണ്ടു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.

പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ‘‘ധനപ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർഥ വസ്തുത പ്രതിപക്ഷത്തിനും നോട്ടിസിലൂടെ പറയേണ്ടിവന്നു. കേന്ദ്രസർക്കാർ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഭാഗമായി സംസ്ഥാനത്തോട് കാട്ടിയ അവഗണന ധനപ്രതിസന്ധിയുടെ ഒരുകാരണമാണെന്നാണ് പ്രതിപക്ഷം നോട്ടിസിൽ പറയുന്നത്. അതിനും നന്ദി.

ധനപ്രതിസന്ധിയുടെ ഒരു കാരണമാണ് പ്രതിപക്ഷത്തിനു ബോധ്യപ്പെട്ടതെങ്കിൽ മറ്റു കാരണങ്ങൾകൂടി ബോധ്യപ്പെടാനുള്ള നിലപാട് നമുക്ക് എടുക്കാം. ലോക്സഭയിൽ 18 അംഗങ്ങൾ യുഡിഎഫിൽനിന്നുണ്ട്. അവിടെ ഇത്തരം ഒരു അടിയന്തരപ്രമേയം കൊണ്ടുവരാൻ തയാറായില്ല എന്ന് ഓർക്കണം. പ്രതിപക്ഷത്തിനു മറ്റു കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ ധനപ്രതിസന്ധി വിശദമായി ചർച്ച ചെയ്യാം.’’– മുഖ്യമന്ത്രി പറഞ്ഞു.

ധനപ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിന്റെ എല്ലാ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും ഐജിഎസ്ടി പിരിവ് കാര്യക്ഷമം അല്ലാത്തതും സ്വർണം, ബാർ എന്നിവയിൽനിന്ന് നികുതിപിരിക്കാന്‍ സർക്കാർ പരാജയപ്പെട്ടതും അഴിമതിയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളെന്ന് നോട്ടിസിൽ പറയുന്നു.

Tags:    

Similar News