ആകെ കടം കയറിയെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ; കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചനയിൽ
കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെ കുറിച്ച് പറയാതെ കേരളത്തിൽ ആകെ കടം കയറി എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുമ്പോൾ, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വിൽക്കാനുള്ളൂ എന്നാണോ കോൺഗ്രസ് നേതാക്കൾ പറയേണ്ടെന്നും മന്ത്രി ചോദിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞാൽ പിൻവലിക്കാനാകുമെന്നും ധനമന്ത്രി അറിയിച്ചു. ഓണക്കാലത്ത് ബില്ലുകൾ അധികം എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രഷറിയിൽ നിന്ന് നിത്യചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ചുരുക്കിയിരുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ തുക ഇത്തവണ ഓണത്തിന് നിയന്ത്രണങ്ങളോടെയെങ്കിലും ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.