പനി പടരുന്നു; കേരളത്തിൽ ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചത് 109 പേർക്ക്, മൂന്ന് മരണം

Update: 2024-07-06 09:52 GMT

സംസ്ഥാനത്ത് പനി രൂക്ഷമായി പടരുന്നതായി കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 158 പേർക്ക് എച്ച്1 എൻ1ഉം ബാധിയേറ്റതായാണ് റിപ്പോർട്ട്. 55,830 പേരാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരണപ്പെട്ടു. ഇന്നലെ മാത്രം 11,438 പേർ പനിമൂലം ചികിത്സതേടി. അഞ്ചുദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 1693 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്.

ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഡെങ്കി മരണങ്ങളും സംശയിക്കുന്നു. 69 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മൂന്ന് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 64 പേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തി. 486 പേർ ചികിത്സയിലുണ്ട്. 158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും പനി കൂടുകയാണ്.

Tags:    

Similar News