മധു വധക്കേസ്; ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം
ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മധുവിന്റെ കുടുംബം. സുപ്രീം കോടതിയിൽ പോകുമെന്നും നീതികിട്ടാൻ എതറ്റം വരെയും പോകുമെന്നും മധുവിന്റെ അമ്മ കൂട്ടിച്ചേർത്തു. ഒന്നാം പ്രതിയായ പാലക്കാട് സ്വദേശിയായ ഹുസൈന്റെ മർദ്ദനമാണ് സഹോദരന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു.
ആദിവാസി യുവാവായ മധുവിനെ കാട്ടിൽ നിന്ന് പിടികൂടി കൈകൾ പിന്നിൽ കെട്ടി മുക്കാലിൽ എത്തിക്കുമ്പോൾ ഹുസൈൻ സംഘത്തിലുണ്ടായിരുന്നില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം അനുവദിച്ചത്. ഷംസുദ്ദീൻ, അബൂബക്കർ, ഉബൈദ്, നജീബ്, ജയ്ജുമോൻ, മരയ്ക്കാർ, രാധാകൃഷ്ണൻ, സിദ്ദിഖ്, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നീ പ്രതികളുടെ ഹർജികൾ ഹൈക്കോടതി തളളിയിരുന്നു. പാലക്കാട് മണ്ണാർക്കാട് പ്രത്യേക കോടതി ഏഴു വർഷം കഠിനതടവിനു ശിക്ഷിച്ചതിനെതിരെ പ്രതികൾ നൽകിയ അപ്പീലിന്റെ ഭാഗമായാണ് ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്ന ഹർജി നൽകിയത്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.