എക്സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യം, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; ഇ പി ജയരാജൻ

Update: 2024-06-02 04:47 GMT

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എക്സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞതുപോലെയുളള ഫലമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. 'ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽത്തന്നെ അത് വിശ്വസനീയമല്ല. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്‌സിറ്റ് പോൾ. അതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് സംശയിക്കുകയാണ്. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്‌സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്.

അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞതുപോലെ വോട്ടെണ്ണൽ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലം.കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാൽത്തന്നെ ബിജെപി കേരളത്തിൽ വരാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നില്ല. രണ്ട് ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന്. അതിനുശേഷം എല്ലാം വ്യക്തമാകും'- ജയരാജൻ പ്രതികരിച്ചു.

അതേസമയം, നരേന്ദ്രമോദി മൂന്നാമതും അധികാരത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻ.ഡി.എ സഖ്യത്തിന് 350ലേറെ സീറ്റുകൾ കിട്ടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകൾ പറയുന്നത്. എൻ.ഡി.എ സഖ്യത്തിന് 359 സീറ്റുകൾ കിട്ടുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ സർവേ പറയുന്നു. ഇന്ത്യ സഖ്യം 154 സീറ്റുകൾ നേടും. മറ്റുള്ളവർ 30 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

Tags:    

Similar News