തൃശൂർ അതിരപ്പിള്ളി വനമേഖലയോട് ചേർന്ന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്.
ഇന്നലെയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ് കരുതുന്നത്.
തൃശൂരില്‍ നിന്നും കോടനാടില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിരുന്നു. കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിച്ചു വരികയാണ്. മാത്രവുമല്ല ആര്‍ആര്‍ടി സംഘവും സജ്ജമാണ്. പ്രാഥമിക നിരീക്ഷണത്തില്‍ ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായാല്‍ അടിയന്തര ചികിത്സ നൽകാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുഴയില്‍നിന്നും കയറിവന്ന ആനയ്ക്ക് നടക്കാനാകാതെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് സംഭവം ആദ്യമറിയുന്നത്. തുടർന്ന് പ്രദേശവാസികളുടെ ബഹളംകേട്ട് ആന കുറച്ചുദൂരം നടന്നെങ്കിലും വീണ്ടും കിടന്നു. സംശയം തോന്നിയ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.