ട്രെയിനില്‍ തീയിട്ട സംഭവം: പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന്  ഡി.ജെ.പി

Update: 2023-04-03 07:50 GMT

ട്രെയിനില്‍ തീക്കൊളുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളിലൂടെയും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങളും മാത്രമാണ് നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ് എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

അട്ടിമറി സാധ്യത ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ചെന്നൈയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. കേരളാ പോലീസിന്റെ അന്വേഷണത്തിന് എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതിനോടകം വിവരശേഖരണം നടത്തിയിട്ടുണ്ട്. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകളുള്‍പ്പെടെയാണോയെന്നതില്‍ പ്രതികരിക്കാനുള്ള സമയമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു. വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ആഭ്യന്തരമന്ത്രാലയം പരസ്യപ്രതികരണത്തിന് തയ്യാറാവുകയുള്ളൂവെന്നാണ് സൂചന.

തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയാണെങ്കില്‍ അന്വേഷണം എന്‍.ഐ.എ. അടക്കമുള്ള എതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത് പരിഗണിക്കേണ്ടിവരും. എന്നാല്‍, നിലവില്‍ അത്തരമൊരു നിഗമനത്തിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എത്തിച്ചേര്‍ന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും ലഭിച്ചാലേ ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളൂ.

അതേസമയം ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ഡി.ജെ.പി. അനില്‍ കാന്ത്. പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അവരിലേക്കെത്താന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരമേഖലാ ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഐ.ജി. സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണം പെട്ടെന്ന് തന്നെ പൂര്‍ത്തിയാവും. ഏതെങ്കിലും തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെയെന്നുള്ളതും അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി കണ്ണൂര്‍ സന്ദര്‍ശിക്കും. അതിന് ശേഷമായിരിക്കും പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിക്കുക.

Tags:    

Similar News