പി ജയരാജൻ ആർമിയെ ശാസിച്ചത് പഴയ ചരിത്രം; മുഖ്യമന്ത്രിയുടെ സ്തുതി ഗാനത്തിൽ തെറ്റില്ല; ഇ പി ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചും ഇ പി ജയരാജൻ സംസാരിച്ചു. ഗവർണറെ കാണാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ഗവർണർക്കല്ല, മറിച്ച് തിരഞ്ഞെടുത്ത സർക്കാരിനാണ് സാധിക്കുക. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ നിയമത്തിന് അംഗീകാരം നൽകാതെ ഗവർണർ കൃഷിക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇ പി ജയരാജൻ ആരോപിച്ചു.
മുഖ്യമന്ത്രിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'കേരള സിഎം' എന്ന വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. പ്രതിപക്ഷം വീഡിയോയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. 'സാജ് പ്രൊഡക്ഷൻ ഹൗസ്' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിഷാന്ത് നിളയാണ് പാട്ടിന്റെ വരികളും സംഗീതവും സംവിധാനവും നിർവഹിച്ചത്. പിണറായി സർക്കാരിനെതിരെ ഉയർന്നുവന്ന സ്വർണക്കടത്ത് വിവാദം അടക്കമുള്ളവ ആസൂത്രിതമാണെന്ന രീതിയിലുള്ള രംഗങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.