തിരച്ചിൽ 26 മണിക്കൂർ പിന്നിട്ടു; റോബോട്ടിക് ക്യാമറയിൽ കണ്ടത് ശരീരഭാഗങ്ങളല്ലെന്ന് സ്ഥിരീകരിച്ച് സ്കൂബാടീം

Update: 2024-07-14 09:04 GMT

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ 26 മണിക്കൂർ പിന്നിട്ടു. തോട്ടിലെ ടണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ജോയിയുടെ ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു. സ്കൂബാ ടീം സ്ഥലത്ത് പരിശോധന നടത്തി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാൽപ്പാദമാണെന്ന് നേരത്തെ സംശയമുയർന്നിരുന്നു.

റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് സ്കൂബാ ടീം അംഗങ്ങൾ ടണലിനുള്ളിലേക്ക് പ്രവേശിച്ച് നടത്തിയ പരിശോധനയിൽ ഇത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, വീണ്ടും ടണലിനുള്ളിലേക്ക് പ്രവേശിച്ച് പരിശോധന നടത്താനാണ് നിലവിലെ ശ്രമം.

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ, തോട്ടിലടിഞ്ഞ മാലിന്യം അഗ്നിശമനസേനയുടേയും സ്കൂബാ ഡൈവർമാരുടേയും തിരച്ചിൽ തടസ്സപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടെക്നോപാർക്കിലെ കമ്പനിയുടെ റോബോട്ട്‌ സ്ഥലത്തെത്തിച്ച് തിരച്ചിൽ ആരംഭിച്ചത്.

റെയിൽവേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനായി റെയിൽവേ, കരാറുകാരെ ഏർപ്പെടുത്തിയിരുന്നു. കരാർ നൽകിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോൾ സൈറ്റ് സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ, ജോയിയോട് തിരികെ കയറാൻ നിർദേശിച്ചു. ടണലിൽ കല്ലിൽക്കയറി നിൽക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും രക്ഷപ്പെടാനായില്ല.

Tags:    

Similar News