'പ്രിയങ്കയ്ക്ക് എതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും': കെ.സുരേന്ദ്രന്‍
വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.പ്രിയങ്ക ഗാന്ധിക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലോകത്തിന് മുമ്പിൽ രാജ്യത്തെ അവഹേളിക്കാനാണ് രാഹുലിന്‍റെ ശ്രമമെന്നും ബത്തേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്.
ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയിൽ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി മാറിയെന്നും രാഹുൽ പറഞ്ഞു. ആസൂത്രിതമായ പ്രചരണങ്ങളാണിതെന്ന് വ്യക്തമാണ്. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെൻ്റിൽ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഹുലിന്‍റെ പ്രസ്താവന ഹിന്ദുക്കൾക്ക് അപമാനകരമാണ്. അബദ്ധജടിലവും പ്രകോപനപരവുമായ പ്രസ്താവനയാണിത്. വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണം. ഹിന്ദുക്കൾ അക്രമകാരികളാണെന്ന് പറയുന്നത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണ്. നിരന്തരമായി ഇത്തരം പ്രസ്താവനകൾ നടത്തുന്നയാളാണ് രാഹുൽ.
ഹിന്ദു സംസ്കാരത്തെ പറ്റി ഒരു അറിവും രാഹുൽ ഗാന്ധിക്ക് ഇല്ല. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് സനാതന ധർമ്മം. ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ആട്ടിയോടിക്കപ്പെട്ട ഇതര മതക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കൾ.
അഗ്നിവീറിനെ കുറിച്ചും അയോധ്യ ക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിനെ കുറിച്ചും കർഷക സമരത്തെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്. രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചതിനെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി പ്രതികരിക്കണം. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കൾ രാഹുലിനെ തിരുത്തണം.
പാർലമെൻ്റിലും പുറത്തും രാഹുൽ മാപ്പു പറയണം. പരമശിവനെ അവഹേളിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇത്തരം വിവരങ്ങൾ കിട്ടിയതെന്ന് അദ്ദേഹം പറയണം. എല്ലാവർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല ഹിന്ദുക്കൾ. സിഖുക്കാരെ വംശഹത്യ നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് മതനിരപേക്ഷതയെ പറ്റി പറയാൻ അവകാശമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു