വീട്ടമ്മയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങവേ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്ക് വിജിലൻസ് പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഇത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് നിഗമനം.
റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ സ്ത്രീയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്ര്. വിജിലൻസ് നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ ഇന്നലെ വൈകിട്ട് നാലോടെ പണം കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഇരുപത്തിയാറിനാണ് വീട്ടമ്മ ആശുപത്രിയിൽ അഡ്മിറ്റായത്. ഡോ.ഷെറിയുടെ ഓപ്പറേഷൻ ദിവസങ്ങളായ തിങ്കൾ, വെള്ളി ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങാൻ ആവശ്യപ്പെട്ടും. എന്നാൽ നടത്തില്ല. ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചപ്പോൾ വൈകിട്ട് താൻ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലെ ക്‌ളിനിക്കിലേക്ക് 3000 രൂപയുമായി വരാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.