ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ല; ഹൈക്കോടതി
ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. ആവശ്യം വന്നാൽ, ഇരയുടേയും പ്രതിയുടേയും ഡി.എൻ.എ പരിശോധന നടത്താൻ ക്രമിനൽ നടപടി ചട്ടത്തിൽ സാധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി പതിനഞ്ചുകാരിയുടെ കുഞ്ഞിൻറെ പിതൃത്വം തെളിയിക്കാൻ രക്ത സാമ്പിൾ ശേഖരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ഉത്തരവ്.
1997ൽ സ്വന്തം വീട്ടിലടക്കം എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹർജിക്കാരൻ. പ്രതിയുടെ ഡി.എൻ.എ പരിശോധനക്ക് രക്ത സാമ്പിൾ ശേഖരിക്കാനും ലൈംഗീക ശേഷി പരിശോധന നടത്താനുമുള്ള പൊലിസിൻറെ ആവശ്യം വിചാരണ കോടതി അനുവദിച്ചിരുന്നു. ഇത്തരത്തിൽ ഉത്തരവിടാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
എന്നാൽ ബലാത്സംഗ കേസുകളിൽ ആവശ്യം വന്നാൽ, ഇരയുടേയും പ്രതിയുടേയും ഡി.എൻ.എ പരിശോധന നടത്താൻ 2005 ലെ ക്രമിനൽ നടപടി ചട്ടത്തിലെ ഭേദഗതിയിലൂടെ സാധ്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണകുമാർ മാലിക് കേസിലടക്കം സുപ്രീം കോടതിയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. പിതൃത്വ പരിശോധന ഫലം ബലാൽസംഗ കേസിൽ ഉപയോഗിക്കാവുന്ന തെളിവാണ്. പതിനഞ്ചര വയസ് മാത്രമുള്ള പെൺകുട്ടിയുമായി സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗമാണ്. അതിനാൽ, ഡി.എൻ.എ പരിശോധനക്ക് പ്രാധാന്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.