നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല; ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
യമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സനയിലെ എംബസി നിലവിൽ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ലെന്നും സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദി പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.