ക്വാറി ഉടമയെ കൊലപ്പെടുത്തിയ കേസ്; കുറ്റമേറ്റ് ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Update: 2024-06-26 09:21 GMT

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ നൽകിയതാരെന്നും പണം എവിടെയെന്നും വെളിപ്പെടുത്താതെ ഗുണ്ടാ നേതാവ് അമ്പിളി. മൊഴികൾ മാറ്റി പറഞ്ഞ് പ്രതി പൊലീസിനെ കബളിപ്പിക്കുകയാണെന്നാണ് വിവരം. അതേസമയം എല്ലാ കുറ്റവും പ്രതി സ്വയം ഏറ്റതായും വിവരമുണ്ട്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടന്നു വരുകയാണെന്ന് കളിയിക്കാവിള പൊലീസ് അറിയിച്ചു. കൃത്യം സ്വയം ഏറ്റെടുക്കാനുള്ള പ്രതിയുടെ മൊഴിയിൽ സംശയമുണ്ടെന്നും പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെ തമിഴ്‌നാട് പോലീസ് മലയത്തെ ഒളിത്താവളത്തിൽ വെച്ചാണ് കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളിയെ പിടികൂടിയത്. കൊലപാതകത്തിന് പിന്നിൽ കവർച്ച മാത്രമാണോ അതോ ക്വട്ടേഷനാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകത്തിന് പിന്നാലെ കാറിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോയതിൻറെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്. അമ്പിളിയെ പിടികൂടാൻ തമിഴ്‌നാട് പോലീസ് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഒളിത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

മൂന്ന് കൊലപാതക കേസുകൾ അടക്കം 50 ലേറെ കേസുകളിൽ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജി. അമ്പിളിയും മറ്റൊരു ഗുണ്ടയായ അമ്മക്കൊരു മകൻ സോജുവും തമ്മിലെ കുടിപ്പകയുടെ പേരിൽ തലസ്ഥാനത്ത് നിരവധി ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇടക്ക് ഗുണ്ടാപ്പണി നിർത്തിയ അമ്പിളി പിന്നീട് മണൽക്കടത്തിലേക്കും ക്വാറികളിൽ നിന്നുള്ള ഗുണ്ടാപിരിവിലേക്കും തിരിയുകയായിരുന്നു. ദീപുവിനെ അമ്പിളി കൊലപ്പെടുത്തിയതിൻറെ കാരണം ഇപ്പോഴും ദുരൂഹമാണ്. ദീപുവിൻറെ കയ്യിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ എവിടെപ്പോയെന്ന് വ്യക്തമായിട്ടില്ല. കട്ടർ ഉപയോഗിച്ചാണ് ദീപുവിന്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Tags:    

Similar News