കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് നിബന്ധന കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജന്‍

Update: 2023-11-26 06:55 GMT

കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും കെ. രാജന്‍ പറഞ്ഞു. ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് അദ്ദേഹം പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നടന്നത്. ഇനിയുള്ള ഇത്തരം കൂടിചേരലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടിവരും.

ഇത്തരം പരിപാടികള്‍ക്ക് നിബന്ധന കൊണ്ടുവരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം തീര്‍ച്ചയായും നല്‍കും. അത് എത്രയെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കെ. രാജന്‍ കൂട്ടിചേര്‍ത്തു. കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് ഇനി ഇത്തരം ആഘോഷങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ ക്യാമ്പസില്‍ വരുത്തേണ്ടതുണ്ടെന്ന് ആലോചിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആവശ്യമെങ്കിൽ അതിനുവേണ്ടി നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും നവകേരള സദസ്സ് പരിപാടിക്കെത്തിയ മന്ത്രി എംബി രാജേഷ് കോഴിക്കോട്ട് പറഞ്ഞു. ഇന്ന് നവകേരള സദസ്സില്‍ ജനസമ്പര്‍ക്കം മാത്രമായി ചുരുക്കിയെന്നും മന്ത്രി പറഞ്ഞു. 

അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്. 

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവും റീത്ത് സമര്‍പ്പിച്ചു. ഹൈബി ഈഡന്‍, ഉമ തോമസ്, ബെന്നി ബെഹ്നാന്‍, എഎ റഹീം, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.സ്പീക്കര്‍ എഎന്‍ ഷംസീര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. 9.30 മുതല്‍ രാവിലെ 11വരെയായിരുന്നു പൊതുദര്‍ശനം. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Tags:    

Similar News