ചൂരൽമലയിൽ ചെളിയിൽ പുതഞ്ഞ് നോട്ടുകെട്ടുകൾ; 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്‌സ്

Update: 2024-08-15 05:52 GMT

ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്‌നി രക്ഷാസേന. ചൂരൽ മലയിലെ വെള്ളാർമല സ്‌കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടിൽ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.

പ്ലാസ്റ്റിക് കവറിലായതിനാൽ കൂടുതൽ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാൽ, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ൻറെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ൻറെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതിൽ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കും പാറക്കൂട്ടങ്ങൾക്കും വെള്ളത്തിനുമിടയിലായാണ് പണം അടങ്ങിയ കവർ കുടുങ്ങികിടന്നത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്.

തുടർ നടപടികൾക്കായി പൊലീസ് തുക ഏറ്റെടുത്തു. ദുരന്തത്തിൽ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇതാണെന്നാണ് കരുതുന്നത്.

Tags:    

Similar News