ബാർക്കോഴ വിവാദം; മന്ത്രി എം.ബി.രാജേഷിന്റെ പരാതി, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

Update: 2024-05-25 09:28 GMT

മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ബാറുടമ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശം പുറത്തുവന്നത് വിവാദമായ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് മേധാവിക്കാണ്. ശബ്‌ദ സന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയശേഷം ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കും.

ബാറുടമകൾ രണ്ടു ലക്ഷംരൂപ വീതം പിരിക്കണമെന്നാണ് ബാർ അസോസിയേഷന്‍ നേതാവ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ‘‘ഇലക്‌ഷൻ തീയതി കഴിഞ്ഞാലുടൻ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈ ഡേ എടുത്തുകളയും. ഇതൊക്കെ ചെയ്യണമെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. 2.5 ലക്ഷം കൊടുക്കാൻ പറ്റുന്നവർ അക്കാര്യം രണ്ടു ദിവസത്തിനകം ഗ്രൂപ്പിലിടണം’’– ഇങ്ങനെയായിരുന്നു സന്ദേശം. പ്രതിപക്ഷം ശക്തമായി രംഗത്തുവന്നതിനു പിന്നാലെ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി ഡിജിപിക്ക് പരാതി നൽകി. പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 

Tags:    

Similar News