'ദിവ്യക്കെതിരെ സംഘടനാപരമായ നടപടിയെടുക്കും, കോടതി ഉത്തരവ് വരട്ടെ'; എ.കെ.ബാലൻ

Update: 2024-10-26 05:04 GMT

നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ. ദിവ്യ നൽകിയിട്ടുള്ള ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വന്നാൽ പാർട്ടിതലത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതും നടപടിയുടെ ഭാഗമാണെന്ന് ബാലൻ പറഞ്ഞു.

എ.ഡി.എമ്മിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ദിവ്യക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കുകയും എഫ്.ഐ.ആർ ഇടുകയും ചെയ്തിട്ടുണ്ട്. ഈ കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിനെയും വെച്ചിട്ടുണ്ട്. കോടതി വിധി വന്നതിന് ശേഷം പാർട്ടി നടപടിയെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടേതായ തരത്തിൽ അന്വേഷണം നടത്തി കണ്ടെത്തുന്നതും കോടതിയുടെ നിരീക്ഷണവും രണ്ടാകാതിരിക്കാനാണ് പാർട്ടി നടപടിക്കായി കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതെന്നും എ.കെ.ബാലൻ പറഞ്ഞു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതൊന്നും ദിവ്യക്കെതിരെ സംഘടനാപരമായ നടപടി എടുക്കുന്നതിന് തടസ്സമായിരിക്കില്ലെന്നുള്ള സൂചനയും എ.കെ.ബാലൻ നൽകുന്നുണ്ട്.

അതേസമയം, നവീൻ ബാബു മരണപ്പെട്ട് 10 ദിവസങ്ങൾ പിന്നിടുമ്പോഴും പി.പി.ദിവ്യയെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ലെന്നത് ആഭ്യന്തര വകുപ്പിനെതിരെയും സർക്കാരിനെതിരെയും വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. പി.പി. ദിവ്യയുടെ അറസ്റ്റും പാർട്ടിനടപടിയും വൈകുന്നത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് സി.പി.എമ്മിൽ വിമർശനമുണ്ട്. നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ഒന്നുമുണ്ടാവാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

നവീൻബാബുവിന്റെ യാത്രയയപ്പുയോഗത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് പാർട്ടിക്ക് ദിവ്യ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തിയെങ്കിലും നടപടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ തീരുമാനത്തിലേക്കെത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യാഴാഴ്ച തളിപ്പറമ്പിൽ പാർട്ടിപരിപാടിയിൽ സംസാരിക്കവേ ദിവ്യക്കെതിരേ നടപടിയുണ്ടാവുമെന്ന സൂചന നൽകിയിരുന്നു. 

 

Tags:    

Similar News