ഏക സിവിൽ കോഡിനെ എതിർക്കും; ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്ന് എം വി ഗോവിന്ദൻ

Update: 2023-06-30 01:31 GMT

ഏക സിവിൽ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ സാഹചര്യത്തിൽ ഏക സിവിൽ കൊണ്ടു വരാൻ സാധിക്കില്ല.ഏക സിവിൽ കോഡിനെ എതിർക്കുമെന്നും തെറ്റായ പ്രചരണത്തെ ഏറ്റവും പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിനാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാരിനെ പ്രകീർത്തിച്ച സിപിഎം സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് സർക്കാർ അഴിമതി നടത്തില്ലെന്നും നയാ പൈസയുടെ അഴിമതി അനുവദിക്കില്ലെന്നും വിശദീകരിച്ചു. ആളെയും പാർട്ടിയെയും നോക്കിയല്ല കേസ് എടുക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കെ. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. തട്ടിപ്പ് നടത്തിയിട്ടാണ് സുധാകരനും സതീശനുമെതിരെ കേസ് എടുത്തതെന്നിരിക്കെ നേതാക്കൾക്ക് എതിരെയുള്ള കേസിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് കോൺഗ്രസ് പറയുന്നത്. തട്ടിപ്പ് കേസുകൾ എന്ത് രാഷ്ട്രീയം പറഞ്ഞാണ് നേരിടുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

ആര് എന്ത് ഫേസ്ബുക്കിൽ എഴുതിയാലും മാധ്യമങ്ങൾ എന്ത് ചർച്ച ചെയ്താലും സിപിഎം നേതാക്കളുടെ പ്രതിഛായയെ കളങ്കപ്പെടുത്താൻ കഴിയില്ല. കാണുന്നതിന് അപ്പുറം കാണാൻ ശേഷിയുള്ള ജനങ്ങൾ ഉണ്ട്. തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്ത് നടപടി എടുക്കും. ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല. തെറ്റായ ഒരു പ്രവണതയും വെച്ച് പൊറുപ്പിക്കില്ല. എല്ലാം പാർട്ടിയെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. പാഴ് മുറം കൊണ്ട് സൂര്യനെ മറക്കാൻ ആകില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

Tags:    

Similar News