'മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു'; വി.ഡി സതീശൻ

Update: 2023-08-03 08:46 GMT

മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു എന്നും സംഘപരിവാർ മോഡലിൽ ഭിന്നിപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

എരിതീയിൽ എണ്ണ ഒഴിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഷംസീർ മാപ്പ് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അത് കെട്ടടങ്ങുമായിരുന്നു. ഗോവിന്ദന് ഗോള്‍വാള്‍ക്കറേയും ഗാന്ധിയേയും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ തനിക്ക് എന്ത് ചെയ്യാൻ പറ്റും. അദ്ദേഹത്തിനെ പോലെ പണ്ഡിതനല്ല താൻ. സർക്കാർ ഭരണ പരാജയം മറച്ച് വയ്ക്കുകയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

വിശ്വാസത്തെ ​ഹനിച്ചു കൊണ്ടുളള സ്പീക്കറുടെ പ്രസ്താവനയിൽ നിന്നാണ് ഈ വിവാദങ്ങളുണ്ടായത്. അതിൽ കയറിപ്പിടിക്കുകയാണ് മറ്റുളളവർ ചെയ്തത്. സി.പി.എം ആളികത്തിച്ചു. സംഘപരിവാർ അതൊരു വലിയ വിഷയമാക്കി കൊണ്ടുവന്നു എന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News