അനധികൃത സ്വത്ത് കേസിൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ഡികെയുടെ ഹർജി സുപ്രീം കോടതി തള്ളി

Update: 2024-07-15 09:31 GMT

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതിയിൽ  കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി ബി ഐ) രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഡി കെയുടെ ഹർജി സുപ്രീം കോടതി തള്ളി. ക്ഷമിക്കണം, തള്ളുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ്‌ സി ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2020 സെപ്തംബർ 3 ന് സി ബി ഐ, എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ ഡികെ ശിവകുമാർ വ‌ർഷങ്ങളായി നിയമപോരാട്ടത്തിലാണ്. 2021 ൽ ഹൈക്കോടതിയിൽ സി ബി ഐ കേസ് ചോദ്യം ചെയ്തതെങ്കിലും തിരിച്ചടിയേറ്റിരുന്നു. സി ബി ഐ കേസ് റദ്ദാക്കണമെന്ന ശിവകുമാറിന്‍റെ ഹർജി 2023 ഒക്ടോബർ 19 ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഈ  ഉത്തരവിനെതിരെയാണ് ഡി കെ ശിവകുമാർ ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്.

2013 നും 2018 നും ഇടയിൽ ഡി കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഡി കെ. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഡി കെക്കെതിരായ പ്രധാന ആരോപണം. കേസിൽ ശിവകുമാറിന് തീഹാർ ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ച് ഉപ മുഖ്യമന്ത്രിയായതും.

Tags:    

Similar News