'അച്ചടക്ക ലംഘനവും സംഘടനാവിരുദ്ധ പ്രവർത്തനവും'; പി സരിനെ കോൺഗ്രസ് പുറത്താക്കി
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് നടപടി.
'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി' ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സതീശൻ പ്രതിപക്ഷ നേതാവായ കഥ അന്വേഷിക്കണം. സതീശന് ധിക്കാരവും ധാർഷ്ഠ്യവുമാണ്. പ്രവർത്തകരോട് ബഹുമാനമില്ലെന്നും സംഘടനാ സംവിധാനം തകരുകയാണെന്നും സരിൻ ആരോപിച്ചു.