രണ്ടാം ബാർകോഴയുടെ വിശദാംശങ്ങൾ പുറത്തുവന്ന് 5 ദിവസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അതേക്കുറിച്ച് മിണ്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായതിന്റെ ആവർത്തനമാണിതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പിലും കയിട്ടുവാരുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. നിഴൽ മുഖ്യമന്ത്രിയാണ് റിയാസ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
‘‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാർകോഴ അഴിമതി നടന്നത്. മദ്യനയം മാറ്റാൻ മന്ത്രിസഭയിൽ ചർച്ച നടന്നോ? മറ്റ് ഘടകകക്ഷികളെ അറിയിച്ചോ? എന്തുകൊണ്ടാണ് ഓൺലൈനായി യോഗം നടത്തിയത്? എക്സൈസ് വകുപ്പിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടത് വകുപ്പ് മന്ത്രിയാണ്. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം.
‘‘എം.ബി.രാജേഷ് വിദേശത്ത് പോയിരിക്കുന്നു. മഴക്കെടുതിയിൽ കേരളം ബുദ്ധിമുട്ടുമ്പോഴാണ് തദ്ദേശസ്വയംഭരണ മന്ത്രി കൂടിയായ രാജേഷ് വിദേശത്തേക്ക് പോയത്. മന്ത്രിമാർ തോന്നിയ പോലെ രാജ്യം വിടുകയാണ്. ഇവർ പോകുന്നത് കേന്ദ്രമോ ഗവർണറോ അറിയുന്നില്ല. ഡൽഹിയിലും നയം മാറ്റാനാണ് കോഴ വാങ്ങിയത്’’ – സുരേന്ദ്രൻ പറഞ്ഞു.
വടകരയിൽ നടന്നത് പച്ച വർഗീയതയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വർഗീയത ഉണ്ടാക്കിയവർ തന്നെയാണ് സർവക്ഷി യോഗം വിളിക്കുന്നത് . വർഗീയ സംഘർഷം മുന്നിൽ കണ്ട് യോഗം വിളിക്കേണ്ടി വരുന്നത് തന്നെ ഗതികേടിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.