ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000 രൂപ പാരിതോഷികം

Update: 2023-08-26 08:41 GMT

 ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000രൂപവീതം സമ്മാനം നൽകാൻ തീരുമാനം. 410 സേനാംഗങ്ങൾക്ക് സെപ്റ്റംബർ അഞ്ചിന് തുക കൈമാറും. ഫയർഫോഴ്സിനെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരാണ് സിവിൽ ഡിഫൻസ് സേനയിലുള്ളത്

ഇപ്പോൾ ഓരോ ഫയർ സ്റ്റേഷനിലും 50 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇത് നൂറായി വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചു. 2019ലാണ് സിവിൽ ഡിഫന്‍സ് വൊളന്റിയർമാരെ സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. 2019 ഓഗസ്റ്റിൽ ഉത്തരവിറങ്ങി. 6 ദിവസത്തെ സ്റ്റേഷൻ പരിശീലനവും 6 ദിവസത്തെ ജില്ലാതല പരിശീലനവും 3 ദിവസത്തെ സംസ്ഥാനതല പരിശീലനവുമാണ് നൽകുന്നത്. സേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന 18 വയസ് കഴിഞ്ഞവർക്ക് ഫയർഫോഴ്സിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 15 ദിവസത്തെ പരിശീലനത്തിനുശേഷം പാസിങ് ഔട്ട് പരേഡുമുണ്ട്. നിലവിൽ 6300 പേരാണ് പരിശീലനം നേടിയത്. ഇത് 12600 ആയി ഉയർത്താനാണ് തീരുമാനം.

ബ്രഹ്മപുരത്ത് ആദ്യത്തെ 4 ദിവസം ഫയർഫോഴ്സ് ഒറ്റയ്ക്കാണ് തീ അണയ്ക്കാൻ പരിശ്രമിച്ചത്. പിന്നീടാണ് സിവിൽ ഡിഫൻസ് വൊളന്റിയർമാരെ സഹായത്തിനായി വിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ 410 പേരാണ് ബ്രഹ്മപുരത്തെത്തിയത്. ഇവർക്കായി സർക്കാർ വാഹനങ്ങൾ ഏർപ്പെടുത്തി. പ്രതിഫലം ആഗ്രഹിക്കാതെ ഫയർഫോഴ്സിനെ സഹായിച്ചതിലാണ് 5000 രൂപ സമ്മാനം നൽകാന്‍ തീരുമാനിച്ചത്.

Tags:    

Similar News